Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷയിൽ ഉൾപ്പടെ ക്രമക്കേടുകൾ നടന്നതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ലഭിച്ച വിവരങ്ങളിൽ പലതും ഇപ്പോൾ പുറത്തുപറയാനാകില്ലെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഗൗരവമായ അന്വേഷണം നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രൈംബ്രാഞ്ച് റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎസ്സി ചെയർമാന്റെ ഔദ്യോഗിക വാഹനത്തിന് ഒമ്പത് വർഷമായി യാത്രാരേഖകളില്ലെന്ന പരാതിയും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 500 ഒഴിവുകളുണ്ടായിരുന്നപ്പോഴാണ് എൽപിഎസ്ടി പരീക്ഷ നടത്തിയത്. തുടർന്ന് 15,000 പേരുടെ റാങ്ക് പട്ടിക തയാറാക്കി.
എന്നാൽ ഇതേ കാലയളവിൽ ഡിവിഷൻ ഫാൾ കാരണം 1,131 അധ്യാപകർക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. അവരെ സംരക്ഷിക്കേണ്ട സാഹചര്യം നിലനിന്നതിനാൽ യഥാർഥത്തിൽ ആവശ്യമായ ഒഴിവുകൾ ഉണ്ടായിരുന്നില്ല. ഇതോടെ റാങ്ക് പട്ടികയിലുള്ളവരുടെ നിയമനം നിലവിലെ യുഡിഎഫ്. സർക്കാരിന് ബാധ്യതയായിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അധ്യാപക-വിദ്യാർഥി അനുപാതം 1:40ൽനിന്ന് 1:30 ആയി കുറച്ചതോടെ നിയമനസാധ്യത വർധിച്ചെങ്കിലും ഇപ്പോൾ അത് 1:25 ആക്കണമെന്നാണ് ആവശ്യം. അതേസമയം സർക്കാർ സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണം കുറയുന്ന സാഹചര്യവുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എൽപി.എസ്ടിസമരക്കാരുമായി വിദ്യാഭ്യാസ മന്ത്രി മൂന്ന് തവണയും മുഖ്യമന്ത്രി ഒരുതവണയും ചർച്ച നടത്തിയതായി സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ലയണൽ മെസിയേയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകൾ സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കായികവകുപ്പിന്റെ റിപ്പോർട്ടിൽ ഗുരുതരമായ ആരോപണങ്ങളുണ്ടെന്നും അന്വേഷണം ഏത് ഏജൻസിയെ ഉപയോഗിച്ച് നടത്തണമെന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കരാറുണ്ടാക്കാൻ സ്വകാര്യ കമ്പനിക്ക് സർക്കാർ അനുമതി നൽകിയതിലെ നടപടിക്രമങ്ങളും അന്വേഷണപരിധിയിൽ വരും. താൽപര്യപത്രം ക്ഷണിച്ചാണോ അനുമതി നൽകിയതെന്നും കമ്പനിയുടെ വിപണിമൂല്യം, സാമ്പത്തിക ശേഷി, ഫണ്ടിന്റെ ഉറവിടം എന്നിവ പരിശോധിച്ചിരുന്നോയെന്നും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജിഎസ്ടി വെട്ടിപ്പ് ഉൾപ്പെടെയുള്ള ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്.സർക്കാർ ശേഖരിച്ച വിവരങ്ങൾ ഗൗരവമുള്ളതാണെന്നും സതീശൻ പറഞ്ഞു.
വെട്ടിപ്പ് കണ്ടെത്തിയശേഷം നോട്ടീസ് നൽകിയിരുന്നെങ്കിലും പിന്നീട് ഏഴുമാസത്തോളം തുടർനടപടികൾ മരവിപ്പിച്ച സാഹചര്യമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിന് നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട അനാസ്ഥയിൽ ധനവകുപ്പ് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള ആരോപണങ്ങളും പരിശോധിക്കും. വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്സിആർഎയുടെ ലംഘനം കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്പോൺസർ നൽകിയ തുക, ഫണ്ടിന്റെ ഉറവിടം തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തിൽ പരിശോധിക്കും.
ആദ്യം സംസ്ഥാന ഏജൻസി അന്വേഷണം നടത്തുകയും കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യമായ ഘട്ടമുണ്ടെങ്കിൽ വിഷയം അവർക്കു കൈമാറുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയത്തിൽ പരസ്പരവിരുദ്ധമായ നിരവധി പ്രസ്താവനകൾ പുറത്തുവരുന്നുണ്ടെന്നും സർക്കാർ ലഭിച്ച റിപ്പോർട്ട് വിശദമായി പരിശോധിച്ചുവരികയാണ്.
റിപ്പോർട്ട് പരിശോധിക്കുന്നതിന് മുമ്പുതന്നെ ഏതെങ്കിലും സ്ഥാപനത്തെ പൂട്ടാൻ ലക്ഷ്യമിട്ട് സർക്കാർ നീങ്ങുകയാണെന്ന ആരോപണം ശരിയല്ലെന്നും സതീശൻ വ്യക്തമാക്കി. റിപ്പോർട്ടിൽ കണ്ടെത്തിയ കാര്യങ്ങൾ പരിശോധിച്ചശേഷം നിയമാനുസൃതമായ ഉചിതമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: വന്ദേമാതര വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രി ആർഎസ്എസിന് പൂർണമായും കീഴടങ്ങിയെന്നും വന്ദേമാതരം മുഴുവൻ ആലപിക്കാൻ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത് സർക്കാരിന്റെ നിർദേശപ്രകാരമാണെന്നും അദ്ദേഹം ആരോപിച്ചു.
വന്ദേമാതരമോ ദേശീയഗാനമോ മുഴുവൻ ആലപിച്ചില്ലെങ്കിൽ മൂന്ന് വർഷം തടവ് ലഭിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിയമവിരുദ്ധമാണ്. ആലാപനത്തിനിടെ മനഃപൂർവം തടസമുണ്ടാക്കിയാൽ മാത്രമാണ് നിയമനടപടിക്ക് വ്യവസ്ഥയുള്ളതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ദേശീയ പ്രസ്ഥാനത്തിന്റെ കാലത്തുതന്നെ വന്ദേമാതരത്തിന്റെ ആദ്യ വരികൾ മാത്രം ആലപിച്ചാൽ മതിയെന്ന നിലപാട് കോൺഗ്രസ് സ്വീകരിച്ചിരുന്നു. ആ നിലപാടിൽനിന്ന് മുഖ്യമന്ത്രി വ്യതിചലിക്കുകയാണെന്നും ഗോവിന്ദൻ ആരോപിച്ചു. വന്ദേമാതരം പൂർണമായി ആലപിക്കാത്തവർക്ക് ജയിൽശിക്ഷയുണ്ടാകുമെന്ന തരത്തിലുള്ള പ്രസ്താവന നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര നിർദേശം നടപ്പാക്കുക മാത്രമാണ് ചീഫ് സെക്രട്ടറി ചെയ്തതെന്ന മുഖ്യമന്ത്രിയുടെ വാദത്തെയും ഗോവിന്ദൻ വിമർശിച്ചു. ഫെഡറൽ സംവിധാനത്തിൽ സംസ്ഥാന സർക്കാരിന്റെ നയം നടപ്പാക്കേണ്ടത് ചീഫ് സെക്രട്ടറിയുടെ ചുമതലയാണോയെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയെ സർക്കുലർ അയയ്ക്കുന്ന പോസ്റ്റ് ഓഫീസ് ആക്കി മാറ്റുകയാണോയെന്നും ഗോവിന്ദൻ പരിഹസിച്ചു.
പിഎംഎവൈ അർബൻ പദ്ധതിയിൽ കേന്ദ്ര സർക്കാരിന്റെ മുദ്ര ഉപയോഗിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എംഡിഎംഎ കേസിൽ അറസ്റ്റിലായ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്ററെ സംരക്ഷിക്കാൻ മുഖ്യമന്ത്രി തെറ്റായ വിവരങ്ങൾ പറയുകയാണെന്നും ഗോവിന്ദൻ ആരോപിച്ചു.
2023 ഡിസംബർ 10ന് നവകേരള സദസ് പെരുമ്പാവൂരിലെത്തുന്നതിന് മുമ്പുതന്നെ കേസിലെ പ്രതിയായ മുഹമ്മദ് ഹുസൈൻ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങൾ ഉൾപ്പെടെ നിരന്തരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നുവെന്നാണ് ഗോവിന്ദന്റെ ആരോപണം. പ്രതിയെ മൂന്നോ നാലോ തവണ മാത്രമാണ് കണ്ടിട്ടുള്ളതെന്ന മുഖ്യമന്ത്രിയുടെ വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഇന്ന് ദുരന്തമേഖലകൾ സന്ദർശിക്കും. പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളാണ് മുഖ്യമന്ത്രി സന്ദർശിക്കുന്നത്. ഉച്ചയ്ക്ക് 12ന് ആറന്മുളയിലെത്തുന്ന അദ്ദേഹം തുടർന്ന് റാന്നി ഉൾപ്പെടെയുള്ള മേഖലകളിലെത്തി ദുരിതബാധിതരുമായി നേരിട്ട് സംസാരിക്കും.
മഴക്കെടുതി അനുഭവിക്കുന്നവർക്കുള്ള അടിയന്തര ആശ്വാസ സഹായങ്ങൾ സംബന്ധിച്ച് ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം തിരുവല്ലയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചിരുന്നു.
പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്നും ജീവനോപാധികൾ നഷ്ടപ്പെട്ട വ്യാപാരികൾക്ക് അടിയന്തര സഹായം നൽകുന്നത് സർക്കാരിന പരിഗണനയിലാണെന്ന് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. നാശനഷ്ടങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അർഹതപ്പെട്ട ഫണ്ട് ലഭ്യമാക്കാൻ കേന്ദ്രത്തെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച പത്തനംതിട്ട മുതൽ കാസർഗോഡ് വരെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടയിൽ ഇതുവരെ എട്ട് മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വി.ഡി.സതീശൻ അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്ത് ഇതുവരെ എട്ടുപേരെ കാണാതായിട്ടുണ്ട്. 13 പേർക്ക് പരിക്കേറ്റു. മഴക്കെടുതിയെ തുടർന്ന് സംസ്ഥാനത്താകെ 209 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്നും നിലവിൽ ഈ ക്യാമ്പുകളിലായി 5,792 പേരെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
27 വീടുകൾ പൂർണമായും 196 വീടുകൾ ഭാഗികമായും തകർന്നു. റവന്യൂ മന്ത്രിയുമായും വിവിധ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടങ്ങളുമായും നിരന്തരം ആശയവിനിമയം നടത്തിവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. മഴയുടെ അളവ് കുറഞ്ഞെങ്കിലും മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടെന്ന ആരോപണത്തിൽ വിമർശനം കടുപ്പിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുഖ്യമന്ത്രി തന്നെ കാണുമെന്ന് ഇനി പറയുന്നത് ഫോട്ടോയിൽ മാത്രമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
താൻ കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തിരിച്ചുവിളിച്ചിരുന്നെങ്കിലും, കാണാനുള്ള കൃത്യമായ സമയമോ തീയതിയോ അറിയിച്ചില്ലെന്നും സുകുമാരൻ നായർ ആരോപിച്ചു.
അതേസമയം, കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്നും, സുകുമാരൻ നായരുമായി സംസാരിച്ചിരുന്നെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബജറ്റ് തിരക്കുകൾക്കിടയിലാണ് അദ്ദേഹം പിഎയെ വിളിച്ചതെന്നും, പിന്നീട് താൻ തിരിച്ചുവിളിച്ച് സംസാരിച്ച് കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. നേതാക്കളെ കാണുന്നത് പരസ്യമായിട്ടാണെന്നും, അനുമതി നിഷേധിച്ചാൽ മാത്രമാണ് അത് വാർത്തയാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എങ്കിലും, സുകുമാരൻ നായർ ഈ വിശദീകരണങ്ങൾ തള്ളിക്കളയുകയും, ഇനി ആരെയും കാണേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കുകയുമായിരുന്നു. താൻ നേരിട്ട് പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ കഴിഞ്ഞുപോയെന്നും അദ്ദേഹം വ്യക്തമാക്കി.
NRI
റിയാദ്: കേരളത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും സാമൂഹിക പുരോഗതിക്കും നട്ടെല്ലായി നിലകൊള്ളുന്ന പ്രവാസി സമൂഹത്തെ പൂർണമായും അവഗണിക്കുന്ന ബജറ്റാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ചതെന്ന് കേളി കലാ സാംസ്കാരിക വേദി അറിയിച്ചു.
പ്രതിവർഷം ലക്ഷക്കണക്കിന് കോടി രൂപ കേരളത്തിലേക്ക് അയച്ച് സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ താങ്ങിനിർത്തുന്ന പ്രവാസി സമൂഹത്തിന്റെ ക്ഷേമം, പുനരധിവാസം, നിക്ഷേപ സംരംഭങ്ങൾ, സാമൂഹ്യ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബജറ്റിൽ കാര്യമായ പ്രഖ്യാപനങ്ങളോ പുതിയ പദ്ധതികളോ ഉൾപ്പെടുത്തിയിട്ടില്ലെന്നും കേളി ആരോപിച്ചു.
പ്രവാസി ക്ഷേമനിധി, പെൻഷൻ വിതരണം, മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസം, തൊഴിൽ നഷ്ടപ്പെട്ടവർക്കുള്ള സഹായ പദ്ധതികൾ, പ്രവാസി കുടുംബങ്ങളുടെ സുരക്ഷ തുടങ്ങിയ വിഷയങ്ങളിലെ മൗനം ആശങ്കാജനകമാണ്.
പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ക്ഷേമ പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുന്നതിനും നിർണായക പങ്കുവഹിക്കുന്ന നോർക്കയുമായി ബന്ധപ്പെട്ട പുതിയ പദ്ധതികളോ സാമ്പത്തിക പിന്തുണയോ പ്രഖ്യാപിക്കാത്തതും നിരാശാജനകമാണ്.
ലോക കേരള സഭ ഉൾപ്പെടെയുള്ള പ്രവാസി പങ്കാളിത്ത സംവിധാനങ്ങളെക്കുറിച്ചും ബജറ്റ് വ്യക്തമായ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്നില്ല. പ്രവാസികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ അടിയന്തരമായി സ്വീകരിക്കണമെന്ന് കേളി കലാ സാംസ്കാരിക വേദി ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി.സതീശന്റെ സെക്രട്ടറിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസറായിരുന്ന രത്തൻ ഖേൽക്കറെ നിയമിച്ചതിൽ വിമർശനവുമായി ബിജെപി. വിഷയത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മറുപടി പറയണമെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു.
വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ കാപട്യം തുറന്നു കാട്ടപ്പെട്ടു. ബംഗാളിലെ നിയമനത്തെ വിമർശിച്ച രാഹുൽ ഗാന്ധിക്ക് കേരളത്തിലെ നിയമനത്തിൽ മിണ്ടാട്ടമില്ലെന്നും ബിജെപി ആരോപിച്ചു. രത്തൻ ഖേൽക്കറുടേത് സീനിയോറിറ്റി മാനദണ്ഡങ്ങൾ മറികടന്നുള്ള നിയമനമാണെന്നും ബിജെപി വക്താവ് വിമർശിച്ചു.
വിമർശനങ്ങൾക്കിടെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഡോ.രത്തൻ കേൽക്കര്‍ ഇന്ന് ചുമതലയേൽക്കും. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് അവധി ദിനത്തിൽ തന്നെ ചുമതലയേറ്റെടുക്കുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ മേയ് മാസത്തെ സാമൂഹ്യ സുരക്ഷ - ക്ഷേമ നിധി ബോർഡ് പെൻഷനുകളുടെ വിതരണം ഈ മാസം 25 മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.
സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന ഗുണഭോക്താക്കൾക്ക് ആശ്വാസമേകുന്നതാണ് പുതിയ യുഡിഎഫ് സർക്കാരിന്റെ ഈ തീരുമാനം. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിൽ 600 രൂപയായിരുന്നു ക്ഷേമ പെൻഷൻ നിരക്ക്.
തുടർന്നു വന്ന ഒന്നും രണ്ടും പിണറായി വിജയൻ സർക്കാരുകൾ ഘട്ടംഘട്ടമായാണ് പെൻഷൻ തുക 2000 രൂപയായി വർധിപ്പിച്ചത്. നിലവിലെ യുഡിഎഫ് തങ്ങളുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ ക്ഷേമ പെൻഷൻ തുക 3000 രൂപയാക്കി ഉയർത്തുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
District News
ശ്രീകണ്ഠപുരം: മുഖ്യമന്ത്രി ചർച്ചകൾ നടന്നു വരുന്നതിനിടെ വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ചും സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ടും സതീശൻ അനുകൂലികളായ യുഡിഎഫ് പ്രവർത്തകർ ശ്രീകണ്ഠപുരത്ത് പ്രകടനം നടത്തി. മുഖ്യമന്ത്രിയാകാൻ കെ.സി. വേണുഗോപാൽ ഇരിക്കൂറിൽ ഉപതെരഞ്ഞെടുപ്പ് സൃഷ്ടിച്ച് മത്സരിച്ചാൽ പരാജയപ്പെടുത്തുമെന്നും സതീശൻ അനുകൂലികൾ മുന്നറിയിപ്പ് നൽകി.
നല്ലരീതിയിൽ പ്രതിപക്ഷത്തെ നയിച്ചു കൊണ്ട് യുഡിഎഫിനെ അധികാരത്തിലെത്തിച്ച നേതാവായ സതീശനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് തഴഞ്ഞാൽ ശക്തമായി തന്നെ പ്രതികരിക്കുമെന്നും ഇവർ വ്യക്തമാക്കി. ശ്രീകണ്ഠപുരം ഹൈസ്കൂൾ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ടൗണിൽ സമാപിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജസീൽ കണിയാർവയൽ, കെ.പി. ലിജേഷ്, വി.വി. സന്തോഷ്, അശ്രഫ്, പി.എം. ടോമി, കെ.സി. ജോസഫ് കൊന്നക്കൽ, എം. ബഷീർ എന്നിവർ നേതൃത്വം നൽകി.
Kerala
കൊച്ചി: യുഡിഎഫിന്റെ വലിയ വിജയത്തിന് പിന്നാലെ എറണാകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയ വി.ഡി. സതീശന് വൻ വരവേൽപ്പ്. തിരുവനന്തപുരത്ത് നിന്നും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരതിൽ വന്നിറങ്ങിയ നേതാവിനെ സ്വീകരിക്കാൻ നൂറുകണക്കിന് പ്രവർത്തകരാണ് എത്തിയത്.
കെഎസ്യു, യൂത്ത്കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകരുടെ സാഗരമാണ് സൗത്ത് റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്നത്. വി.ഡി. സതീശനെ ചുമലിലേറ്റി മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ റെയിൽവേ സ്റ്റേഷന്റെ പുറത്തെത്തിച്ചു.
റെയിൽവേ സ്റ്റേഷന് പുറത്ത് കാറിന്റെ സൺറൂഫിലൂടെ പ്രവർത്തകരെ അഭിവാദ്യം ചെയ്ത സതീശനുമായി വാഹനം പുറത്തേക്ക് പോകുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരാണ് സ്ഥലത്തെത്തിയത്.
District News
കാഞ്ഞിരപ്പള്ളി: വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വി.ഡി. സതീശനായി കാഞ്ഞിരപ്പള്ളിയിലും ഫ്ലക്സ് ബോർഡ് ഉയർന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പടനായകൻ എന്ന് വിശേഷിപ്പിച്ചാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
പടക്കളത്തിൽ പട പൊരുതിയ പടനായകൻ വി.ഡി സതീശൻ മതേതര കേരളത്തെ നയിക്കട്ടെ എന്നാണ് ബോർഡിലുള്ളത്. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.
ആരാണ് ബോർഡ് സ്ഥാപിച്ചതെന്ന് വ്യക്തമല്ലെങ്കിലും ജയ് കോൺഗ്രസ് എന്ന് ഫ്ലക്സിന്റെ അവസാന ഭാഗത്ത് കുറിച്ചിട്ടുണ്ട്. പ്രാദേശിക കോൺഗ്രസ് നേതാക്കൾ തന്നെയാണ് ബോർഡിന്റെ പിന്നിലുള്ളതെന്നാണ് സൂചന. യുഡിഎഫിന് അനുകൂലമായ തെരഞ്ഞെടുപ്പ് പ്രവചനങ്ങൾ പുറത്ത് വന്നതോടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വി.ഡി. സതീശനെ പിന്തുണച്ച് ഫ്ലക്സ് ബോർഡുകൾ ഉയർന്നിരുന്നു. ഇതിന് ചുവടുപിടിച്ചാണ് കാഞ്ഞിരപ്പള്ളിയിലും ഫ്ലക്സ് ബോർഡ് ഉയർന്നത്.
Kerala
കൊച്ചി: വി.ഡി. സതീശനെ നിയുക്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് സ്വന്തം വീട്ടില്‍ കൂറ്റന്‍ ഫ്ലക്സ് ബോർഡ് വച്ച് കോണ്‍ഗ്രസ് പ്രവര്ത്തകന്. ബാബു ആന്റണി എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കടവന്ത്രയ്ക്ക് സമീപം ഗാന്ധിനഗറിലുള്ള തന്റെ വീടിന് മുന്നിൻ സതീശന് അനുകൂലമായി ഫ്ലക്സ് വച്ചത്.
ടീം യുഡിഎഫ് ക്യാപ്റ്റന്‍ നിയുക്ത മുഖ്യമന്ത്രി അഡ്വ. വി.ഡി. സതീശന് അഭിവാദ്യങ്ങള്‍ എന്ന വാചകങ്ങളോടെയുള്ള ഫ്ലക്സ് ആണ് വച്ചിരിക്കുന്നത്. അതേസമയം, വി.ഡി. സതീശനെ നിയുക്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഫ്ലക്സുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.
മൂവാറ്റുപുഴയിലും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങള്‍ എന്ന ഫ്ലക്സ് ബോര്‍ഡ് എത്തിയിരുന്നു. എന്നാല്‍ കിഴക്കേക്കര മണിയംകുളം കവലയില്‍ എത്തിയ ഫ്ലക്സ് പിന്നീട് നീക്കിയിരുന്നു. ചൊവ്വാഴ്ച ആലുവ യുസി കോളജിന് മുന്നില്‍ വി.ഡിയെ അനുകൂലിച്ച് ഫ്ലക്സ് എത്തിയിരുന്നു.
സതീശനെതിരെ എറണാകുളം ഡിസിസി ഓഫീസിന് മുന്നിലും കളമശേരിയിലും ഫ്ലക്സ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് അനുകൂലിച്ചു കൊണ്ടുള്ള ഫ്ലക്സുകൾ വീണ്ടും എത്തുന്നത്. അതേസമയം, പിആര്‍ വര്‍ക്ക് നടത്തിയാല്‍ മുഖ്യമന്ത്രി ആകില്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു വി.ഡിക്ക് എതിരെയുള്ള ഫ്ളക്സുകള്‍.
പിആര്‍ വര്‍ക്കിന്റെ ബലത്തില്‍ രമേശ്ജിയെ പോലെയുള്ള സീനിയര്‍ നേതാക്കളെ താറടിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല എന്ന ഫ്ലക്സും വി.ഡി. സതീശന്റെ പിആര്‍ പണി അവസാനിപ്പിക്കുക, കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിച്ചുകൊള്ളും എന്ന പോസ്റ്ററുമായിരുന്നു വി.ഡിക്കെതിരെ എറണാകുളം ഡിസിസി ഓഫിസിന് മുന്നിലും കളമശേരിയിലും പ്രത്യക്ഷപ്പെട്ടത്.
Kerala
കൊച്ചി: കേരളത്തിൽ ഇത്തവണ യുഡിഎഫ് തരംഗമാണെന്നും നൂറിലധികം സീറ്റുകൾ നേടി മുന്നണി അധികാരത്തിൽ വരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാരിനെതിരായ ശക്തമായ ജനവികാരം വോട്ടായി മാറുമെന്നും ഒരു ഡസനോളം മന്ത്രിമാർ ഇത്തവണ പരാജയപ്പെടുമെന്നും അദ്ദേഹം പ്രവചിച്ചു. പറവൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണവിരുദ്ധ വികാരം സംസ്ഥാനത്തുടനീളം പ്രകടമാണ്. തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും യുഡിഎഫ് വലിയ മുന്നേറ്റം നടത്തും. കാസർകോട് മുതൽ വോട്ടെണ്ണി എറണാകുളത്ത് എത്തുമ്പോഴേക്കും യുഡിഎഫിന് ഭൂരിപക്ഷം ഉറപ്പാക്കാൻ കഴിയുന്ന വിധത്തിലുള്ള മുന്നേറ്റമുണ്ടാകും. 30 വർഷത്തിന് ശേഷം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പിടിച്ചെടുത്തത് വലിയ മാറ്റത്തിന്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ഇരുന്പുമറയില്ലാതെ ജനങ്ങളുമായി നേരിട്ടിടപെടുന്ന മുഖ്യമന്ത്രിയും സർക്കാരുമാകും കേരളം ഭരിക്കുകയെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫ് സർക്കാരിന് തുറന്ന സമീപനമാണുണ്ടാകുക. ഏതു മുതിർന്ന കോണ്‍ഗ്രസ് നേതാവ് മുഖ്യമന്ത്രിയായാലും ജനങ്ങളോടൊപ്പമായിരിക്കും. ആർ. ശങ്കർ മുതലുള്ള കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെല്ലാം ജനങ്ങൾക്കൊപ്പമായിരുന്നു. ഇക്കാര്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വലിയ മാതൃകയായിരുന്നു. ലീഡർ കെ. കരുണാകരൻ എക്കാലവും ജനങ്ങൾക്കിടയിലായിരുന്നല്ലോ. എ.കെ. ആന്റണിയുടെ ജീവിതത്തിലെ ലാളിത്യം എല്ലാവർക്കും അറിവുള്ളതാണല്ലോ. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയായിരുന്നവരെല്ലാം ജനങ്ങൾക്കൊപ്പമായിരുന്നില്ലേ.
ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രിയും അഴിമതിക്കാരനായിരുന്നില്ല. ഇല്ലാത്ത അഴിമതി ആരോപണം അവർക്കെതിരേ ഉന്നയിച്ചു. അതെല്ലാം പിന്നീട് ചീറ്റിപ്പോയി. ജനങ്ങൾക്കൊപ്പം നിന്ന മുൻ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ ആ നയം തന്നെയാകും ഇനി വരുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിയും സ്വീകരിക്കുകയെന്നും ‘ദീപിക’യ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ തിരക്കിട്ട പര്യടനത്തിനിടെയായിരുന്നു പ്രതിപക്ഷ നേതാവ് ദീപികയോടു സംസാരിക്കാൻ സമയം നീക്കിവച്ചത്.
» മുഖ്യമന്ത്രിയുടെ കാര്യത്തിൽ ധാരണ രൂപപ്പെട്ടെന്ന് കഴിഞ്ഞ ദിവസം അങ്ങ് തന്നെ പറഞ്ഞിരുന്നല്ലോ. എന്താണ് ആ ധാരണ?
മുഖ്യമന്ത്രിയെ കണ്ടെത്തുന്ന കാര്യത്തിൽ തെരഞ്ഞെടുപ്പിനു ശേഷം കർണാടകയിലും തെലുങ്കാനയിലും ചെയ്തതു പോലെയുള്ള ധാരണയാണ് കേരളത്തിലും രൂപപ്പെട്ടത്. മുഖ്യമന്ത്രിയുടെ കാര്യത്തിൽ കടിപിടി കൂടാനില്ല. ഈ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരെ കണ്ടെത്താനായി സ്വീകരിച്ച രീതിയാണ് ഹൈക്കമാൻഡ് ഇവിടെയും സ്വീകരിക്കുക. ഇതാണ് ആ ധാരണ.
» സീറ്റു വിഭജനത്തിലെ തർക്കം ജയസാധ്യതയെ ബാധിക്കുമോ?
എംപിമാർ മത്സരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞങ്ങളല്ല. ഹൈക്കമാൻഡാണ് തീരുമാനിക്കുന്നത്. 48 മണിക്കൂറിനകം ഇക്കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുത്തു. തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്ന് 48 മണിക്കൂറിനകം തർക്കങ്ങളില്ലാതെ കോണ്‍ഗ്രസ് സ്ഥാനാർഥികളെ തീരുമാനിച്ച ചരിത്രം ഇതിനു മുൻപു കോണ്ഗ്രസിലുണ്ടായിട്ടുണ്ടോ? ഇത്തവണ ഒരു തർക്കവുമില്ലാതെയാണ് സ്ഥാനാർഥികളെ നിശ്ചയിച്ചത്. ചില ടിവി ചാനലുകൾ ചെറിയ ചില അഭിപ്രായവ്യത്യാസങ്ങളെ പർവതീകരിക്കുകയായിരുന്നു. ജനങ്ങൾക്ക് എല്ലാമറിയാം.
» തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് ബിജെപി- സിപിഎം ഡീൽ മാത്രമാണ് പ്രധാനമായി കേൾക്കുന്നത്. യുഡിഎഫിന്റെ അഞ്ചു ജനക്ഷേമ ഗാരന്റികൾ പോലും പ്രചാരണ ആയുധമായി കാണുന്നില്ല?
ചില മണ്ഡലങ്ങളിൽ സിപിഎം- ബിജെപി വോട്ട് ഡീൽ നടന്നതോടെയാണ് ഇത്തരം ആരോപണം ഉന്നയിച്ചത്. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ചു ഗാരന്റികൾ തന്നെയാണ് യുഡിഎഫിന്റെ പ്രധാന പ്രചാരണായുധം. ഇതോടൊപ്പം പ്രകടനപത്രികയിലും സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകും. രാജ്യത്തെ നന്പർ വണ്‍ സംസ്ഥാനമായി കേരളത്തെ യഥാർഥത്തിൽ മാറ്റുകയാണ് യുഡിഎഫ് ലക്ഷ്യം. ഇടതു സർക്കാർ ഏതെല്ലാം മേഖലകളിൽ തകർന്നോ അവിടെയെല്ലാം യുഡിഎഫ് ബദൽ നിർദേശങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തി. വെന്റിലേറ്ററിലായ കേരളത്തെ രക്ഷിക്കാൻ ഹെൽത്ത് കോണ്‍ക്ലേവ് നടപ്പാക്കി. ഈ ആരോഗ്യ രേഖ കേരളത്തിൽ നടപ്പാക്കിയാൽ ആരോഗ്യ കേരളത്തെ വീണ്ടെടുക്കാനാകും. ഇതുപോലെ ഒട്ടേറെ മേഖലകളിലെ പദ്ധതി രേഖകൾ യുഡിഎഫ് തയാറാക്കിയിട്ടുണ്ട്.
» ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ പ്രധാന ആയുധമാകില്ലേ? യുഡിഎഫ് അധികാരത്തിൽ എത്തിയാൽ അന്വേഷണം ഏതു തരത്തിൽ മുന്നോട്ടു കൊണ്ടുപോകും?
ശബരിമല സ്വർണക്കൊള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണ വിഷയം തന്നെയാണ്. ചില ഉന്നത സിപിഎം നേതാക്കളെ രക്ഷിക്കാനായി എസ്ഐടി അന്വേഷണം അട്ടിമറിച്ചതാണ് പ്രധാന പ്രശ്നം. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ശബരിമല അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടു കൊണ്ടുപോകും. എസ്ഐടി അന്വേഷണം അട്ടിമറിച്ചതിനാലാണ് സിബിഐ അന്വേഷണം പ്രതിപക്ഷം ആവശ്യപ്പെട്ടത്. എസ്ഐടി അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടു പോയാൽ സിബിഐ വരേണ്ടതില്ല. ശബരിമല അയ്യപ്പന്റെ സ്വർണം കട്ടവർ ആരായാലും യുഡിഎഫ് പൂട്ടും.
» നാടുവിടുന്ന യുവതലമുറയെ കേരളത്തിൽ നിലനിർത്താൻ എന്തൊക്കെ പദ്ധതികളാണ് നടപ്പാക്കുന്നത്?
കുട്ടികൾ നാടുവിട്ടാൽ അഞ്ചു വർഷത്തിനകം കേരളം വൃദ്ധസദനമാകും. ഇതു തടയാൻ പുതുമയാർന്ന പദ്ധതികൾ യുഡിഎഫ് ആസൂത്രണം ചെയ്യും. കുട്ടികളെ ഇവിടെ പിടിച്ചുനിർത്താൻ 10,000 സംരംഭങ്ങൾ ആരംഭിക്കുന്ന പദ്ധതി നടപ്പാക്കും. ചെറുപ്പക്കാർക്കായി ആയിരത്തോളം പദ്ധതികൾ അവതരിപ്പിക്കും. അവരെ സഹായിക്കാനും മാർഗനിർദേശം നൽകാനുമായി മാനേജ്മെന്റ്, സാങ്കേതിക മെന്റർമാരെ വയ്ക്കും. പലിശരഹിത റിവോൾവിംഗ് ഫണ്ട് ഇവർക്കായി സർക്കാർ ഏർപ്പെടുത്തും.
കേരളത്തിൽ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളും ഒരു കണ്ടെയ്നർ ടെർമിനലും 17 മിനി തുറമുഖങ്ങളുമുണ്ട്. ഇതിനെയെല്ലാം ബന്ധിപ്പിച്ചു കോസ്റ്റൽ ഷിപ്പിംഗ് ആരംഭിക്കും. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുമുണ്ട്. ഇവയെ ബന്ധിപ്പിച്ച് 27 ഏവിയേഷൻ പദ്ധതികൾ നടപ്പാക്കും. കേരളം വിടുന്ന യുവതലമുറയെ ഇവിടെ തന്നെ പിടിച്ചുനിർത്താനുള്ള പദ്ധതികളാകും ഇത്.
അന്താരാഷ്ട്രരംഗത്ത് തൊഴിൽ സ്വഭാവം മാറിക്കൊണ്ടിരിക്കുകയാണ്. ഇതു പഠിക്കാനായി രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധരെ ഉൾപ്പെടുത്തി ’ഗ്ലോബൽ ജോബ് വാച്ച് ടവർ’ എന്ന സംവിധാനം സംസ്ഥാനത്തു നടപ്പാക്കും. തൊഴിൽ സ്വഭാവം മാറുന്നതിനനുസരിച്ച് കേരളത്തിലെ സർവകലാശാല കോഴ്സുകൾ പുനഃസംഘടിപ്പിക്കും.
എല്ലാ അക്കാദമിക് വർഷവും ലോകത്തിലെ ഏതു തൊഴിലിനാണ് സാധ്യതയെന്നു കണ്ടെത്താൻ ഗ്ലോബൽ ജോബ് വാച്ച് ടവർ എന്ന സ്ഥിരം സംവിധാനം വഴി കഴിയും. വിദ്യാർഥികൾക്ക് കാലോചിതമായി ആഗോള തൊഴിൽ നേടാനുള്ള വിദ്യാഭ്യാസം നൽകുന്നതിനൊപ്പം നിലവിലുള്ള തൊഴിലാളികൾക്ക് മാറുന്ന ലോകത്തിന് അനുസൃതമായ തൊഴിൽ മാറ്റം പഠിക്കാനുള്ള സംവിധാനവും ഇതുവഴി ഒരുക്കും.
» കേരളത്തിന്റെ തകർന്ന സന്പദ് വ്യവസ്ഥയെയും ഇതുവഴി ഉത്തേജിപ്പിക്കാനാകുമോ?
ഇതെല്ലാം കേരളത്തെ സന്പദ് വ്യവസ്ഥയെ രക്ഷിക്കാനുള്ള പ്രാരംഭ പദ്ധതികൾ കൂടിയാണ്. സംസ്ഥാനത്തിന്റെ ധനകാര്യ മാനേജ്മെന്റ് സംവിധാനം മെച്ചപ്പെടുത്തും. നികുതി ഭരണം പൊളിച്ചെഴുതും. ഇതുവഴി ജിഎസ്ടി വഴി വലിയ വരുമാനമുണ്ടാകും. ഇതോടൊപ്പം ഖജനാവിന്റെ ചോർച്ച അടയ്ക്കും. സന്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള പദ്ധതികൾ നടപ്പാക്കും. ഈ നാലു പദ്ധതികൾ നടപ്പാക്കുക വഴി കേരളത്തിന്റെ സന്പദ്് വ്യവസ്ഥ മെച്ചപ്പെടുത്താനാകും.
» യുഡിഎഫിനെതിരേ ജമാ അത്ത് ഇസ്ലാമി, എസ്ഡിപിഐ ബന്ധം വ്യാപകമായി ആരോപിക്കപ്പെടുകയാണല്ലോ?
ജമാ അത്ത് ഇസ്ലാമിയുമായോ എസ്ഡിപിഐയുമായോ യുഡിഎഫിന് യാതൊരു ബന്ധവുമില്ല. വെൽഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ നൽകാമെന്ന് ഇങ്ങോട്ട് അഭ്യർഥിക്കുകയായിരുന്നു. ഇതു മാത്രമാണ് സ്വീകരിച്ചത്. ഇതു വലിയ അപരാധമായി കാണുന്നവർ എത്ര വർഷമാണ് പിഡിപിയുടെ പിന്തുണ സ്വീകരിച്ചിരുന്നത്. എത്രയോ വേദികൾ പരസ്യമായി പിഡിപിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കൾ പങ്കിട്ടു. ഇതിലൊന്നും വർഗീയത കാണാത്തവരാണ് മതേതര പാർട്ടിയായ കോണ്‍ഗ്രസിനെ വിമർശിക്കുന്നത്.
» യുഡിഎഫ് അധികാരത്തിലെത്തിയാൽ സിൽവർ ലൈനിൽ എന്തു തുടർ നടപടി സ്വീകരിക്കും?
സിൽവർ ലൈൻ ഭൂമി ഭൂവുടമകൾക്കു തിരികെ നൽകും. ഇതിനായി പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കും. കല്യാണത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ഭൂമി പണയപ്പെടുത്തി വായ്പ എടുക്കാനോ വിൽക്കാനോ കഴിയാത്ത അവസ്ഥയിലാണ് കെ റെയിൽ കന്പനി ഏറ്റെടുത്ത ഭൂമിയുടെ ഉടമകൾ. നിലവിലെ സിൽവർലൈൻ പദ്ധതിയുമായി യുഡിഎഫ് ഒരിക്കലും മുന്നോട്ടു പോകില്ല.
» എന്താണ് യുഡിഎഫിന്റെ ബദൽ പാത?
നിലവിലുള്ള റെയിൽവേ ലൈനിനു സമാന്തരമായി വലിയ ഭൂമി ഏറ്റെടുക്കൽ ആവശ്യമില്ലാത്ത സമാന്തര പാത നിർമിച്ചു വേഗ റെയിൽ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. ഇതിനായി വളവുകൾ നികത്താനും മറ്റുമാകും മുൻഗണന നൽകുക. വലിയ സാന്പത്തിക ബാധ്യത വരാത്തതും പരിസ്ഥിതിക്കു ദോഷം വരുത്താതുമായ പദ്ധതിയാകും നടപ്പാക്കുക.
» മലയോര മേഖലയിലെ വന്യജീവി ഭീതിയകറ്റാൻ എന്താണ് പദ്ധതികൾ?
മലയോര ജനത നേരിടുന്ന വന്യജീവി ആക്രമണം തടയാൻ പ്രായോഗിക തലത്തിൽ ഒരു പദ്ധതിയും എൽഡിഎഫ് സർക്കാരിനു നടപ്പാക്കാനായില്ല. പരന്പരാഗതവും ആധുനികവുമായ പദ്ധതികൾ ഏകോപിപ്പിച്ച് വന്യജീവി ആക്രമണത്തിൽ മലയോര ജനതയെ മോചിപ്പിക്കാൻ ആവശ്യമായ പദ്ധതികൾ നടപ്പാക്കും. ഇതിന്റെ കരടു നിർദേശങ്ങൾ തയാറാക്കിയിട്ടുണ്ട്.
» തീരദേശ മേഖലയിലെ പ്രശ്നങ്ങൾ എങ്ങനെ മറികടക്കാനാകും?
തീരദേശ മേഖലയിലെ സമഗ്ര പദ്ധതികൾ യുഡിഎഫ് പ്രകടനപത്രികകയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മത്സ്യലഭ്യതയിൽ വലിയ കുറവുണ്ടായി. മണ്ണെണ്ണയ്ക്ക് 40 രൂപയുണ്ടായിരുന്ന കാലത്ത് യുഡിഎഫ് സർക്കാർ 25 രൂപ സബ്സിഡി നൽകിയിരുന്നു. ഇപ്പോൾ മണ്ണെണ്ണയ്ക്ക് 110 രൂപയുണ്ട്. സബ്സിഡിയിൽ വ്യത്യാസമില്ല. സബ്സിഡി തുകയൊട്ടു കൊടുക്കുന്നുമില്ല. മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ കേന്ദ്രസർക്കാരും വലിയ അവഗണനയാണ് കാട്ടുന്നത്. തീരദേശ മേഖലയുടെ സമഗ്ര പുരോഗതിയാണ് യുഡിഎഫ് ലക്ഷ്യം.
Kerala
കൊച്ചി: അമ്പലപ്പുഴയിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ജി. സുധാകരന് പിന്തുണ നല്‍കുന്നത് യുഡിഎഫ് ആലോചിച്ചു തീരുമാനിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. വിസ്മയങ്ങള്‍ ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം പറവൂരിൽ പറഞ്ഞു.
സിപിഎമ്മിന്റെ അടിത്തറ കേരളത്തില്‍ ഇളകി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണു ജി. സുധാകരന് സ്വീകരിച്ച നിലപാട്. അദ്ദേഹം ഉത്തമനായ കമ്യൂണിസ്റ്റാണെന്നതില്‍ തര്‍ക്കമില്ല. അദ്ദേഹം അപ്പുറത്തു നില്‍ക്കുമ്പോഴും ബഹുമാനവും ആദരവും കാട്ടിയിട്ടുണ്ട്. സിപിഎമ്മിനെ ബാധിച്ചിരിക്കുന്ന മൂല്യത്തകര്ച്ചയെക്കുറിച്ചാണ് ജി. സുധാകരന് പറഞ്ഞത്. മത്സരിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്.
പുതുയുഗ യാത്രയുടെ ഭാഗമായി പങ്കെടുത്ത നൂറോളം വേദികളില്‍ നിരവധി സിപിഎം പ്രാദേശിക നേതാക്കള്‍ക്കു കോണ്‍ഗ്രസ് അംഗത്വം നല്കി. സിപിഎമ്മില്‍നിന്ന് ഇത്തരമൊരു ഒഴുക്ക് കേരള ചരിത്രത്തില്‍ മുമ്പൊന്നും ഉണ്ടായിട്ടില്ല. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബംഗാളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു സംഭവിച്ചത് കേരളത്തിലെ സിപിഎമ്മിനുണ്ടാകും.
ഗണേഷ് കുമാര്‍ വിഷയത്തില്‍ അവളോടൊപ്പമെന്ന് പറയുകയും അവനോടൊപ്പം നില്‍ക്കുകയും ചെയ്യുന്ന നിലപാടാണു മുഖ്യമന്ത്രിയുടേത്.
സര്‍ക്കാരിനെതിരായ അതിശക്തമായ വികാരം മറയ്ക്കുന്നതിനുവേണ്ടിയാണ് ഖജനാവില്‍നിന്നും കോടികളെടുത്തു പ്രചാരണം നടത്തുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തു തുടങ്ങിയ വീടുകള്‍ ഉള്‍പ്പെടെ ഉള്‍ക്കൊള്ളിച്ചുള്ള പത്തു വര്‍ഷത്തെ ഊതിവീര്‍പ്പിച്ച കണക്കാണ് ഈ സര്‍ക്കാര്‍ പറയുന്നത്.
സാമ്പത്തിക പ്രയാസമുള്ള കാലത്താണു ഖജനാവ് കൊള്ളയടിച്ചുള്ള കള്ളപ്രചാരണം നടത്തുന്നത്. ഇതിനൊക്കെ ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
Kerala
കൊല്ലം: വയനാട്ടിലെ ദുരന്തബാധിതർക്കു വീടുകൾ നൽകിയ പരിപാടി സർക്കാർ രാഷ്ട്രീയവത്കരിച്ചെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുണ്ടക്കൈ, ചൂരൽമല മേഖലയിൽ സർക്കാർ പദ്ധതിയുടെ ഉദ്ഘാടനത്തിനിടെ സ്ഥലം എംഎൽഎയെ അധിക്ഷേപിച്ചതു മര്യാദകേട് ആണെന്നും റവന്യു മന്ത്രി രാജന്റെ പരിഹാസം നിലവാരം ഇല്ലായ്മയാണെന്നും വി.ഡി. സതീശൻ കൊല്ലത്ത് പറഞ്ഞു. കൊല്ലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
സർക്കാർ വീടുകൾ വച്ചുകൊടുക്കുക മാത്രമാണ് ചെയ്തത്. പ്രതിപക്ഷ എംഎൽഎമാർ ഉൾപ്പെടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്ത പണം ഉപയോഗിച്ചാണ് അവിടെ വീടുകൾ വച്ചുനൽകിയിരിക്കുന്നത്. കർണാടക സർക്കാരും പണം നൽകി. പദ്ധതിയിൽ എല്ലാവരുടെയും പണമുണ്ട്. പരിപാടി രാഷ്ട്രീയവത്കരിക്കുകയാണ് ചെയ്തത്. എല്ലാം ചെയ്തത് സിപിഎം ആണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് വയനാട്ടിൽ നടന്നത്.
ചികിത്സാ സഹായം കൊടുക്കുന്നില്ലെന്നത് ഉൾപ്പെടെ ധാരാളം ആളുകളുടെ പരാതികളാണ് അവിടെ ഇപ്പോഴും നിലനിൽക്കുന്നത്. ദുരന്തം നടന്ന നാൾമുതൽ എന്തിനും ഏതിനും ദുരന്തബാധിതർക്കൊപ്പം നിലകൊണ്ട സ്ഥലം എംഎൽഎയെ കൂലിക്ക് വിളിച്ചുവരുത്തിയ ആളെക്കൊണ്ട് കൂകിവിളിച്ച് ആക്ഷേപിക്കുകയാണ് ചെയ്തത്. ഒരു ജനപ്രതിനിധിയെയും ഇങ്ങനെ അധിക്ഷേപിക്കാൻ പാടില്ല. അത് നോക്കിനിന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഓർത്ത് ഞങ്ങൾ ലജ്ജിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇറക്കുമതി ചെയ്ത പാർട്ടിക്കാരാണ് പ്രശ്നമുണ്ടാക്കിയത്. പരിപാടി രാഷ്ട്രീയപരമായി സർക്കാർ ഉപയോഗിച്ചു. എംഎൽഎയെ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത ഒരു സർക്കാർ പരിപാടിയിൽ ആക്ഷേപിച്ചത് നിലവാരം ഇല്ലായ്മയാണ്. കല്ലിനുമേൽ കല്ലുവച്ച് പോകുന്നവരല്ലെന്ന മന്ത്രി കെ. രാജന്റെ പരാമര്‍ശം പിൻവലിക്കണമെന്നു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഞങ്ങള്‍ കല്ലുമാത്രം ഇട്ടു പോകുന്നവര്‍ അല്ല എന്നും കല്ലിനുമേലെ കല്ല് വയ്ക്കും എന്നായിരുന്നു മന്ത്രി കെ. രാജൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞത്. റവന്യു മന്ത്രിയുടെ ആക്ഷേപം പിൻവലിക്കണം. സർക്കാർ പരിപാടിക്ക് അന്തസുണ്ടാവണമെന്നു റവന്യു മന്ത്രി കരുതണം.
ദുരന്തബാധിതരായ ആരും എംഎൽഎക്കെതിരേ ഒന്നും ചെയ്തിട്ടില്ല, ആ പരിപാടി വഷളാക്കിയത് കൂലിക്ക് ഇറക്കുമതി ചെയ്ത പാർട്ടിക്കാരാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ കാലു തല്ലിയൊടിക്കുമെന്നു ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് പറഞ്ഞതിനോടുള്ള മറുപടിയായി ‘ഒന്ന് ചിരിപ്പിക്കാതെ പോടാ ചെക്കാ’ എന്നായിരുന്നു വി.ഡി. സതീശന്റെ മറുപടി.
ഗൾഫിൽ നടക്കുന്ന യുദ്ധം അവിടെ ഉള്ളവർക്കും അവരുടെ ബന്ധുക്കൾക്കും വലിയ പ്രസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കൂടുതൽ ആക്രമണം നടക്കുന്ന സ്ഥലങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ച് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റണം. ഇക്കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വേണ്ട നടപടികൾ സ്വീകരിച്ച് ഗൾഫിലുള്ള മലയാളി സമൂഹത്തിനു സംരക്ഷണം ഒരുക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
Kerala
കോട്ടയം: തെരഞ്ഞെടുപ്പടുത്തപ്പോള്‍ 10 വര്‍ഷം ചെയ്യാന്‍ മടിച്ച കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
പുതുയുഗയാത്രയില്‍ കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശന്. 2023ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും ജെ.ബി. കോശി റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചവരാണ് ഇപ്പോള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. റിപ്പോര്‍ട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോഴാണു ശിപാര്‍ശകള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. ഈ സര്‍ക്കാരിന് റിപ്പോര്‍ട്ട് നടപ്പാക്കേണ്ടി വരില്ലെന്നു അറിയാമെന്നും സതീശന് പറഞ്ഞു. പിന്‍വാതില്‍ നിയമനത്തില്‍ റിക്കാര്‍ഡിട്ട സര്‍ക്കാരാണ് പിഎസ്സി പ്രായപരിധി കൂട്ടിയത്. എല്ലാ വകുപ്പുകളിലും പതിനായിരക്കണക്കണക്കിന് പേരെ പിന്‍വാതിലിലൂടെ നിയമിച്ച് സംവരണം അട്ടിമറിച്ചു.
യുഡിഎഫ് അധികാരത്തില്‍ എത്തുമ്പോള്‍ എല്ലാ പിന്‍വാതില്‍ നിയമനങ്ങളും റദ്ദാക്കും. 2021ല്‍ 1600 രൂപ പെന്ഷന് 2500 ആക്കുമെന്ന് പ്രഖ്യാപിച്ചു. നാലേമുക്കാല്‍ വര്‍ഷവും ചില്ലിക്കാശ് കൂട്ടിയില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് 400 രൂപ കൂട്ടിയതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ഖജനാവില്‍ പൂച്ച പെറ്റു കിടക്കുന്നു എന്ന് പറഞ്ഞതിനെ ധനമന്ത്രി പരിഹസിച്ചു. പൂച്ച പെറ്റു കിടക്കുകയല്ലെങ്കില്‍ തദ്ദേശ സ്ഥപാനങ്ങളില്‍ അഞ്ചു ലക്ഷത്തില്‍ താഴെയുള്ള ഒരു ബില്ലും പാസാക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി.ഡി.സതീശന് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ നവകേരള സര്‍വെ നടത്തുന്നതില്‍ തെറ്റില്ല. പക്ഷെ ആദ്യം സര്‍ക്കുലര്‍ ഇറക്കിയത് സിപിഎം സംസ്ഥാന കമ്മിറ്റിയാണ്. ഖജനാവില്‍ നിന്നും പൊതുപണം നല്‍കിയുള്ള കാമ്പയിന് നടത്തേണ്ടെന്നാണ് പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഡാറ്റാ മോഷണകേസില്‍ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണ് പ്രതികള്‍. സാധാരണക്കാരുടെ ഡാറ്റ അവരുടെ അറിവില്ലാതെ ദുരുപയോഗം ചെയ്തു. ഇതിനെതിരെ കോടതി വിധികളുണ്ട്. ഔദ്യോഗിക സംവിധാനം ഉപയോഗിച്ചാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഡാറ്റ മോഷ്ടിച്ചതെന്നും സതീശന് കുറ്റപ്പെടുത്തി.
ശബരിമലയിലെ സ്വര്‍ണം മോഷ്ടിച്ചിട്ടും മതിയാകാതെയാണ് ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിലും തട്ടിപ്പ് നടത്തിയത.600 പേര് പങ്കെടുത്ത പരിപാടിയില്‍ 12 കോടി രൂപയാണ് അടിച്ചുമാറ്റിയതെന്നും സതീശൻ ആരോപിച്ചു.
Kerala
അടിമാലി: തെളിവില്ലെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ എന്തിനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്നു വ്യക്തമാക്കാന്‍ എസ്ഐടി തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു.
പുതുയുഗ യാത്രയുടെ ഭാഗമായി അടിമാലിയില്‍ എത്തിയ അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു. ഈ വിഷയത്തില്‍ മന്ത്രിമാര്‍ നിയമസഭയില്‍ പറഞ്ഞത് വിചിത്രമായ മറുപടിയാണ്. തന്ത്രിയെ രക്ഷിക്കാനാണ് പ്രതിപക്ഷം ഇറങ്ങിയിരിക്കുന്നതെന്നാണ് വ്യവസായ, തദ്ദേശ മന്ത്രിമാര്‍ ആരോപണം ഉന്നയിച്ചത്. കോടതിയെയാണ് പ്രതിപക്ഷം വിമര്‍ശിക്കുന്നതെന്ന ആക്ഷേപവും മന്ത്രിമാര്‍ ഉന്നയിച്ചു.
കോടതിയെ വിമര്‍ശിച്ചത് നിയമമന്ത്രിയാണ്. ശബരിമല തന്ത്രിക്കെതിരേ കേസെടുക്കാന്‍ തെളിവിന്റെ കണിക പോലും ഇല്ലെന്നു പറഞ്ഞാണ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിച്ച കോടതിയെ ഇന്നലെ വിമര്‍ശിച്ചത് നിയമമന്ത്രിയാണ്. തന്ത്രിയെ പോലെ ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹം എന്ത് കുറ്റകൃത്യമാണ് ചെയ്തെന്നും കുറ്റകൃത്യത്തില്‍ എന്ത് പങ്കാളിത്തമാണുള്ളതെന്നും എസ്ഐടി വ്യക്തമാക്കണമെന്ന് തന്ത്രിയെ അറസ്റ്റു ചെയ്തതിന്റെ തൊട്ടടുത്ത ദിവസം തന്നെ പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു.
തന്ത്രി അറസ്റ്റിലായപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രഡിറ്റാണെന്നാണ് സിപിഎം അവകാശപ്പെട്ടത്. തന്ത്രിയെ വരെ ജയിലിലാക്കിയ ആളാണ് പിണറായി എന്നാണ് സിപിഎം സൈബര്‍ ഹാന്‍ഡിലുകള്‍ പ്രചരിപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഔദ്യോഗിക സംവിധാനങ്ങളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്. ജീവനക്കാര്‍ക്ക് ശമ്പളം നല്കുന്ന സ്പാര്‍ക്കില്‍ നിന്നു മുഖ്യമന്ത്രിയുടെ ഓഫീസ് ഡേറ്റ മോഷ്ടിച്ചു.
ഡേറ്റ മോഷണത്തിനെതിരേ ഹൈക്കോടതിവിധിയും നിയമങ്ങളുമുണ്ട്. ഒരാളുടെയും വ്യക്തിഗത വിവരങ്ങള്‍ അയാളുടെ അനുവാദം ഇല്ലാതെ പുറത്ത് നല്കാന് പാടില്ല. സ്പാര്‍ക്കില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ സോഷ്യല്‍ മീഡിയ വിഭാഗം എങ്ങനെയാണ് ഡേറ്റ മോഷ്ടിച്ചത്. അവര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തണം. അതിനെതിരേ നിയമപരമായ നടപടികള്‍ സ്വീകരിക്കും.
നേരത്തേ സര്‍ക്കാര്‍ ഫണ്ട് വിനിയോഗിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ഉപയോഗിച്ച് നവകേരള സര്‍വെ നടത്താന്‍ ശ്രമിച്ചു. പാര്‍ട്ടി സര്‍ക്കുലര്‍ ഇറക്കിയ ശേഷമാണ് പണം നല്കാന് സര്‍ക്കാര്‍ ഉത്തരവിട്ടത്. സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നാട്ടകാരുടെ നികുതിപ്പണം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നല്കി നടത്താനുള്ള ശ്രമമാണ് കോടതി തടഞ്ഞത്. ഇടുക്കിയിലെ റവന്യു ഭൂമി അനധികൃതമായി വനഭൂമിയാക്കിയത് യുഡിഎഫ് അധികാരത്തിലെത്തിയാല്‍ റദ്ദാക്കും.
ഭൂ പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കും.ആരോഗ്യമേഖലയില്‍ നടക്കുന്നതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണെന്നാണ് മന്ത്രി പറയുന്നത്. മന്ത്രിയുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ചാല്‍ നിരവധി വാല്യങ്ങളുള്ള പുസ്തകം ഇറക്കാം. അതു വായിക്കാന്‍ വലിയ ഹാള്‍ പണിയേണ്ടി വരുമെന്നും വി.ഡി. സതീശന് പറഞ്ഞു.
Kerala
കാസർഗോഡ്: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ ന്യൂനപക്ഷ പ്രീണനവും പിന്നീട് ഭൂരിപക്ഷ പ്രീണനവും നടത്താൻ ശ്രമിച്ച സിപിഎമ്മിന് ഇപ്പോള്‍ രണ്ടുകൂട്ടരും ഇല്ലാത്ത അവസ്ഥയായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കാസര്‍ഗോഡ് ഗസ്റ്റ് ഹൗസില്‍ പുതുയുഗ യാത്രയുടെ ഭാഗമായുള്ള സംവാദ പരിപാടിക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
42 വര്‍ഷം ജമാഅത്തെ ഇസ്ലാമി സിപിഎമ്മിനൊപ്പമായിരുന്നു. നിരവധി തവണ അവരുടെ പിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ടവരാണ് എം.വി. ഗോവിന്ദനും പിണറായി വിജയനും. അക്കാലത്ത് ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിച്ചുകൊണ്ട് പിണറായി വിജയന് നടത്തിയ പ്രസംഗത്തിന്റെ ക്ലിപ്പും ദേശാഭിമാനിയുടെ എഡിറ്റോറിയലും ഗോവിന്ദന് അയച്ചുകൊടുക്കാം. ഇപ്പോൾ ഇവർ മറവിയുള്ളതു പോലെ അഭിനയിക്കുകയാണ്. അവര്‍ ഞങ്ങള്‍ക്ക് പുറത്തുനിന്ന് പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ മാത്രം പെട്ടെന്ന് വര്‍ഗീയവാദികളാകുന്നത് എങ്ങനെയാണെന്നും സതീശൻ ചോദിച്ചു.
എല്ലാ സംഘടനകള്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരു സമുദായ സംഘടനകളുടെയും ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടില്ല. എല്ലാവരും ഒന്നിച്ച് നടക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.
എന്‍എസ്എസിലും എസ്എന്‍ഡിപിയിലും എന്തെങ്കിലും നടന്നാല്‍ മാധ്യമങ്ങള്‍ എന്റെ അടുത്തേക്ക് വരും. അതിലൊന്നും അഭിപ്രായം പറയേണ്ട ആളല്ല താനെന്നും സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടിക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇന്നലെ കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്തു പ്രസംഗിക്കവെയാണു മന്ത്രിക്കെതിരേ സതീശൻ ആഞ്ഞടിച്ചത്.
ശിവൻകുട്ടി വിദ്യാഭ്യാസമന്ത്രി ആയിരിക്കുന്പോൾ സ്കൂളിൽ പഠിക്കേണ്ട ഗതികേടാണു നമ്മുടെ കുട്ടികൾക്കുള്ളത്. നിയമസഭയിൽ അണ്ടർവെയർ പുറത്തു കാണിച്ചു ഡെസ്കിനു മുകളിൽ കയറി നിന്ന് അസംബന്ധം പറഞ്ഞ ഒരുത്തനാണു പ്രതിപക്ഷത്തിനു ക്ലാസ് എടുക്കാൻ വരുന്നതെന്നും വി.ഡി.സതീശൻ ആഞ്ഞടിച്ചു. ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസിന്റെ സമരം.
സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്നാണു വി. ശിവൻകുട്ടി നിയമസഭയിൽ ആവശ്യപ്പെട്ടത്. ഇത്രയും വിവരദോഷികളെ ഉൾപ്പെടുത്തിയിട്ടുള്ള ഒരു മന്ത്രിസഭ കേരളത്തിന്റെ ചരിത്രത്തിലില്ല. നിയമസഭയിൽ അസംബന്ധം പറയുന്നവർ മന്ത്രിമാരായിരിക്കാൻ യോഗ്യരല്ല. വാർത്ത വരുമെന്നു കണ്ടാൽ എന്തും വായിൽനിന്നു വരും. പഠിക്കുന്ന നമ്മുടെ കുട്ടികളെ ഓർത്ത് സങ്കടപ്പെടുന്നു. എക്സൈസ് വകുപ്പായിരുന്നുവെങ്കിൽ ബോധമില്ലെന്നെങ്കിലും പറയാമായിരുന്നുവെന്നും സതീശൻ പറഞ്ഞു.
ഏതു മാളത്തിൽ പോയി ഒളിച്ചാലും സ്വർണക്കൊള്ളക്കാരെ പുറത്തുകൊണ്ടുവരും. ശബരിമലയിൽ ഇപ്പോഴുള്ളതു വ്യാജ ദ്വാരപാലക ശില്പമാണ്. അതിൽ സ്വർണം പൂശി തട്ടിപ്പു നടത്താനാണ് ദേവസ്വം പ്രസിഡന്റായിരുന്ന പി.എസ്. പ്രശാന്തും മന്ത്രി വി.എൻ. വാസവനും ശ്രമിച്ചതെന്നും സതീശൻ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മാർച്ച് ഉദ്ഘാടനം ചെയ്തു. നേതാക്കളായ രമേശ് ചെന്നിത്തല, കെ. മുരളീധരൻ, എം.എം ഹസൻ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.എസ്. ശിവകുമാർ, എം.എ. വാഹിദ്, എൻ. ശക്തൻ, പാലോട് രവി, ശരത്ചന്ദ്ര പ്രസാദ്, പന്തളം സുധാകരൻ, ചെറിയാൻ ഫിലിപ്പ് എന്നിവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: കേരളത്തിൽ ബിജെപിയുടെയും സംഘപരിവാറിന്റെയും തെരഞ്ഞെടുപ്പ് അജൻഡ വർഗീയത മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്തമായെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
പക്ഷേ, ഇതു മതേതര കേരളമാണെന്ന് മോദിക്കും ബിജെപിക്കും ഉടൻ ബോധ്യമാകും. പല സംസ്ഥാനങ്ങളിലും പയറ്റുന്ന വിഭജന രാഷ്ട്രീയവും വർഗീയ വിഷപ്രചാരണവും കേരളത്തിന്റെ മണ്ണിൽ വിലപ്പോകില്ല.
മോദിക്കു വികസനനേട്ടങ്ങൾ ഒന്നും പറയാനില്ല. രാജ്യത്തിന്റെ ഭാവിയെക്കുറിച്ചോ കേരളത്തിന്റെ മുൻഗണനാ ക്രമങ്ങളെക്കുറിച്ചോ പറയാൻ നാവനക്കിയില്ല. പകരം പറയുന്നത് വർഗീയത മാത്രം. മഹാരഥന്മാർ ഇരുന്ന പ്രധാനമന്ത്രിക്കസേരയിൽ ഇരുന്ന് പച്ചയ്ക്കു വർഗീയത വിളിച്ചുപറയുന്നത് ആപത്കരമാണ്.
കോണ്‍ഗ്രസിന്റെയും ലീഗിന്റെയും യുഡിഎഫിന്റെയും മുൻഗണനാപട്ടികയിൽ ആദ്യത്തേതു മതേതരത്വം സംരക്ഷിക്കുക എന്നതാണ്. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും മതേതര കാഴ്ചപ്പാടിന് നരേന്ദ്ര മോദിയുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും സതീശൻ പറഞ്ഞു.
ലീഗുമായുള്ള സീറ്റ് മാറ്റത്തിൽ ചർച്ച തുടരും
ന്യൂഡൽഹി: മുസ്ലിം ലീഗും കോണ്‍ഗ്രസും സീറ്റ് വച്ചുമാറുന്നതു സംബന്ധിച്ച് ഒന്നാംഘട്ട ചർച്ച കഴിഞ്ഞുവെന്നും വീണ്ടും ചർച്ച തുടരുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സീറ്റ് മാറ്റ ചർച്ചയിൽ വാശിയോ തർക്കമോ ഉണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസ് നിരന്തരം പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന ചില സീറ്റുകൾ ലീഗിനും അവർ തോൽക്കുന്ന ചില സീറ്റുകൾ കോണ്‍ഗ്രസിനും നൽകുന്നതിലാണു ചർച്ചയെന്നും സതീശൻ പറഞ്ഞു.
Kerala
സുൽത്താൻ ബത്തേരി: പ്രളയം തകർത്ത പറവൂരിനെ റീബിൽഡ് ചെയ്തതിനാണ് പുനർജനിക്കെതിരേ അന്വേഷണം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും തന്നെ അറസ്റ്റ് ചെയ്യിക്കണമെന്നുമാണ് സിപിഎമ്മും സർക്കാരും ആഗ്രഹിക്കുന്നതെങ്കിൽ അതു ചെയ്യട്ടെ. രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പ്രതിപക്ഷ നേതാവ് ബത്തേരിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് ആദ്യം പരാതി നൽകിയത് ഹൈക്കോടതിയിലാണ്. എന്നാൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് നോട്ടീസ് പോലും അയയ്ക്കാതെ പരാതി തള്ളി. പിന്നീട് ഡിവിഷൻ ബെഞ്ചും ഹർജി തള്ളി. ഈ പരാതിയിലാണ് പിന്നീട് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. വിഷയം ജയിംസ് മാത്യു നിയമസഭയിൽ കൊണ്ടുവന്നപ്പോൾ താൻ മറുപടി നൽകുകയും വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു.
ഒന്നും ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസും അന്വേഷണം അവസാനിപ്പിച്ചു. വീണ്ടും ഒരാളിൽനിന്ന് പരാതി എഴുതി വാങ്ങി വിജിലൻസ് അന്വേഷണം ആരംഭിച്ചു. എഫ്സിആർഎ അക്കൗണ്ടുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നത്. അതാകട്ടെ മണപ്പാട് ഫൗണ്ടേഷന്റേതാണ്. എല്ലാ വർഷവും ആ അക്കൗണ്ട് കേന്ദ്ര സർക്കാർ പരിശോധിച്ച് കൃത്യതയും വ്യക്തതയും ഉറപ്പാക്കുന്നുണ്ട്.
വീടോ തയ്യൽ മെഷീനോ ഉൾപ്പെടെയുള്ള ജീവനോപാധികൾ ആവശ്യമായ, തങ്ങൾ കണ്ടെത്തിയ ഗുണഭോക്താക്കളെ ഡോണർ നേരിട്ടാണ് സഹായിക്കുന്നത്. അക്കൗണ്ടോ ഫണ്ടോ പണപ്പിരിവോ നടത്താത്ത ഫെലസിലിറ്റേറ്റർ മാത്രമാണ് പുനർജനി. ഗുണഭോക്താക്കൾക്ക് പണം കിട്ടി എന്ന് ഉറപ്പാക്കാൻ അവരുടെ ഐഡി കാർഡിന്റെയും ബാങ്ക് ചെക്കിന്റെയും പകർപ്പ് ഉൾപ്പെടെ സൂക്ഷിച്ച് വച്ചിട്ടുണ്ട്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് എല്ലാം ചെയ്തത്. തനിക്കെതിരേ എന്തെങ്കിലും ഉണ്ടെങ്കിൽ എപ്പോഴെ അവർ അത് ഉപയോഗിച്ചേനെ. വേണമെങ്കിൽ ഇനിയും അന്വേഷിക്കട്ടെ.
ബർമിംഗ്ഹാമിൽ പോയപ്പോൾ പുനർജനി മോഡൽ അവതരിപ്പിക്കാൻ ആവശ്യപ്പെട്ടു. നിങ്ങൾ 500 പൗണ്ട് തന്നാൽ അത് ഗുണഭോക്താവിലേക്ക് എങ്ങനെ എത്തിക്കുമെന്നതിന്റെ മോഡലാണ് അവിടെ വിശദീകരിച്ചത്. അതിനെയാണ് ഞാൻ 500 പൗണ്ട് സംഭാവന ചോദിച്ചു എന്നാക്കിയത്. ഉഷ കമ്പനിയുമായി കരാറുണ്ടാക്കി രണ്ടായിരത്തോളം മെഷീനുകൾ വിതരണം ചെയ്തു. വെള്ളം കയറി വീടുകൾ നശിച്ച 1600 പേർക്ക് 5000 രൂപ മുതൽ അമ്പതിനായിരം രൂപ വരെ നൽകി. 50 ടണ്‍ കാലിത്തീറ്റ വിതരണം ചെയ്തു. സ്പോണ്‍സർമാരെ ഉപയോഗിച്ച് പറവൂർ നിയോജകമണ്ഡലത്തെ റീബിൽഡ് ചെയ്തു. അങ്ങനെ ചെയ്തതിനാണ് ഈ അന്വേഷണം. മാർച്ച് ഒന്നിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് ജനുവരി നാലിന് വാർത്ത വന്നത്. വാസ്തവം പുറത്ത് കൊണ്ടുവന്നതിന് മാധ്യമങ്ങളോട് നന്ദി പറയുന്നു-സതീശൻ പറഞ്ഞു.
District News
ഏറ്റുമാനൂർ: സാമൂഹ്യ സന്നദ്ധ സംഘടനയായ റൂഫിന്റെ അതിരമ്പുഴയിലെ ആസ്ഥാന മന്ദിരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ഒപ്പം, വിവിധ ക്ലിനിക്കുകളുടെയും വയോജന - ആതുരസേവന പദ്ധതികളുടെയും ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
ജീവിതം ആഘോഷമാക്കി മാറ്റുന്ന ഒരു സമൂഹം വളർന്നു വരുന്ന കാലഘട്ടത്തിൽ ഇത്തരം ആതുര സേവനങ്ങൾക്ക് സമയം കണ്ടെത്തുകയും അശരണരെ സംരക്ഷിക്കുകയും ചെയ്യാൻ ഒരു സന്നദ്ധ സംഘടന മുന്നോട്ടു വരുന്നത് മാതൃകാപരമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഒറ്റപ്പെട്ടു പോകുന്ന വൃദ്ധജനങ്ങൾക്ക് സഹായമരുളുന്ന പകൽ വീട് എന്ന ആശയം എന്തുകൊണ്ടും അഭിനന്ദനം അർഹിക്കുന്നു. ആരോഗ്യപ്രശ്നങ്ങളുവർക്ക് പദ്ധതി തികച്ചും ആശ്വാസപ്രദമാണ്. റൂഫ് എന്ന പേര് അന്വർഥമാക്കിക്കൊണ്ട് സ്ഥാപനത്തിനു പിന്നിൽ പ്രവർത്തിക്കുന്നവരെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രൻ എന്തിനാണു വെല്ലുവിളിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അദ്ദേഹം കോടതിയിൽ കേസ് കൊടുത്തിട്ടുണ്ടല്ലോ. തെളിവുകൾ കോടതിൽ ഹാജരാക്കും.
കോടതിയിൽ ഹാജരാക്കണമെന്ന് പറഞ്ഞ് ആരെങ്കിലും വെല്ലുവിളിക്കുമോ. ഹാജരാക്കും എന്നതു കൊണ്ടാണ് നോട്ടീസ് അയച്ചപ്പോൾ അതിനു മറുപടി നൽകിയത്. രണ്ടു കോടിയുടെ മനനഷ്ടമുണ്ടായെന്നു പറഞ്ഞാണ് നോട്ടീസ് അയച്ചത്.
കേസ് കൊടുത്തപ്പോൾ രണ്ടു കോടിയുടെ മാനം എങ്ങനെയാണ് പത്ത് ലക്ഷമായി കുറഞ്ഞതെന്ന് സതീശൻ ചോദിച്ചു. ദ്വാരപാലക ശിൽപം കോടീശ്വരനു വിറ്റെന്ന് കോടതിയാണ് പറഞ്ഞത്. അപ്പോൾ ആർക്കാണ് കൊടുത്തതെന്ന് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കണമെന്നാണ് താൻ ആവശ്യപ്പെട്ടത്.
ഇങ്ങനെ ഒരു കച്ചവടം നടന്നത് അന്നുണ്ടായിരുന്ന എല്ലാവർക്കും അറിയാമായിരുന്നെന്നും കോടതി പറഞ്ഞിട്ടുണ്ട്. ഒറിജിനൽ ദ്വാരപാലക ശിൽപം വിറ്റെന്നാണ് കോടതി പറഞ്ഞത്. അത് ആർക്കാണ് വിറ്റതെന്നാണ് അദ്ദേഹത്തോട് ചോദിച്ചത്.
സിപിഎം നിയോഗിച്ച ആളുകൾ ചെയ്തത് കടകംപള്ളി സുരേന്ദ്രന് അറിയില്ലായിരുന്നു എന്ന് പറഞ്ഞാൽ ആർക്കും വിശ്വസിക്കാനാകില്ല. ഉണ്ണികൃഷ്ണൻ പോറ്റിയെ അവരുടെ അടുത്തേക്കു വിട്ടതും കടകംപള്ളി സുരേന്ദ്രനാണ്. അതിന്റെ തെളിവുകളൊക്കെ കോടതിയിൽ ഹാജരാക്കിക്കൊള്ളാം. സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് നൽകാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രൻ. ചുണയുണ്ടെങ്കിൽ തന്റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ സതീശൻ കോടതിയിൽ ഹാജരാക്കണമെന്ന് കടകംപള്ളി ആവശ്യപ്പെട്ടു.
നേരിന്റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരനാണെന്ന് വി.ഡി. സതീശൻ വീണ്ടും തെളിയിക്കുകയാണ്. വിവാദത്തിലേക്ക് തന്നെ വലിച്ചിഴച്ചിട്ട് മാസങ്ങളായെന്നും ഇതുവരെ പുറത്തുവിടാത്ത തെളിവുകൾ ഇനിയെങ്കിലും പുറത്തുവിടാനും കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെല്ലുവിളിച്ചു.
ശബരിമല സ്വർണക്കൊള്ള വിവാദം ഉയർന്നതിന് പിന്നാലെയാണ് മുൻ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരെ സതീശൻ ആരോപണങ്ങൾ ഉയർത്തിയത്. സ്വർണപ്പാളി പുറത്തുകൊണ്ടുവന്ന് വിറ്റെന്നും അതിന് ഒത്താശ ചെയ്തത് കടകംപള്ളി സുരേന്ദ്രനാണെന്നും സതീശൻ പറഞ്ഞിരുന്നു.
കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വി.ഡി. സതീശനെതിരെ ഞാൻ ഫയൽ ചെയ്തിരിക്കുന്ന മാനനഷ്ട ഹർജിയുമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത നൽകുന്നത് ഇന്നലെ മനോരമ ന്യൂസ് ആണ്. അത് തെറ്റാണ് എന്നും കോടതിയിൽ എന്താണ് നടന്നത് എന്നുമുള്ള എന്റെ വക്കീലിന്റെ പ്രസ്താവന ഞാൻ ഫേസ്ബുക്കിൽ പങ്ക് വെക്കുകയും മീഡിയ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തിരുന്നു.
അതിന് ശേഷം നടന്നിരിക്കുന്ന തോന്നിവാസം ആണ് നിങ്ങൾ കമന്റിൽ കാണുന്നത്. ഇത് എന്തൊരു തരം മാധ്യമ പ്രവർത്തനം ആണ്? എല്ലാ മീഡിയയിലും ഒരേ ടെംപ്ലേറ്റിൽ ഒരു വ്യാജ വാർത്ത വരുന്നുണ്ടെങ്കിൽ ഉറപ്പിക്കാം അതിന്റെ സോഴ്സ് ഒന്നായിരിക്കും എന്ന്. ആ സോഴ്സ് ആരായിരിക്കും എന്നും നമുക്ക് ഊഹിക്കാമല്ലോ.
ഇനി സതീശനോടാണ്. സതീശാ, നേരിന്റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു. എങ്കിലും പറയുകയാണ്, രാഷ്ട്രീയം മാന്യമായി പ്രവർത്തിക്കാൻ ഉള്ളതാണ്. താൻ എന്റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ. ചുണയുണ്ടെങ്കിൽ താൻ തന്റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്. കോടതിയും ജനങ്ങളും കാണട്ടെ..
District News
കൊച്ചി: നല്ല കമ്യൂണിസ്റ്റുകള്‍ ഇത്തവണ യുഡിഎഫിനാണ് വോട്ട് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. എറണാകുളം ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നല്കിയ സ്വീകരണ യോഗം എറണാകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കക്ഷികള്‍ക്കപ്പുറം നിരവധി വര്‍ഷങ്ങളായി ഇടതുപക്ഷത്തോടൊപ്പം നിലകൊണ്ട ബഹുഭൂരിപക്ഷം സഹയാത്രികരും ഇത്തവണ യുഡിഎഫിനൊപ്പം അണിചേര്‍ന്നുവെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് എന്നത് ഒരു കൂട്ടം രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടം മാത്രമല്ലെന്നും, ടീം യുഡിഎഫിന്റെ വിജയമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎമ്മിലും എല്‍ഡിഎഫിലും ഉള്ള പ്രതീക്ഷകള്‍ നഷ്ടമായപ്പോള്‍, ഇനി യുഡിഎഫിന് മാത്രമേ കേരളത്തെ കൈപിടിച്ച് ഉയര്‍ത്താനാകൂ എന്ന് ജനം ചിന്തിച്ചതിന്റെ കൂടി വിജയമാണിത്. തദ്ദേശ തെരഞ്ഞെടുപ്പിനായി രൂപംകൊടുത്ത മിഷന് 25 പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പ്രാവര്‍ത്തികമായിട്ടില്ലെന്നും വിചാരിച്ചതുപോലെ വിജയം നേടാനായയില്ലെങ്കിലും എഴുപത് ശതമാനത്തോളം പൂര്‍ത്തീകരിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം സമ്മാനിച്ച എറണാകുളം ജില്ലയിലെ സ്ഥാനാര്‍ഥികളെയും പാര്‍ട്ടിയുടെ ജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ച പ്രവര്‍ത്തകരെയും നേതാക്കളെയും പ്രതിപക്ഷ നേതാവ് നന്ദി അറിയിച്ചു.
ജനുവരി മുതല്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക്
കേരളത്തിന് സമഗ്രമായ മാറ്റമാണ് ഇനി ആവശ്യം. സാമ്പത്തികമായി തകര്‍ന്ന സര്‍ക്കാരിനെ രക്ഷിക്കാന്‍ ഖജനാവ് നിറയ്ക്കണം, ആരോഗ്യ കേരളത്തിന് ആരോഗ്യം പകരുന്ന വിവിധ പദ്ധതികള്‍ നടപ്പാക്കണം, ഉന്നത വിദ്യാഭ്യാസ രംഗത്തെ ഉന്നമനപ്പെടുത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് യുവാക്കളുടെ വിദേശ പലായനം തടയണം, കാര്‍ഷിക രംഗത്ത് പുതിയ പദ്ധതികള്‍ നടപ്പിലാക്കണം തുടങ്ങി വിവിധങ്ങളായ പദ്ധതികളുമായി ജനുവരി മുതല്‍ യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി തുടക്കം മിഷന് 2026 ന് തുടക്കമായി.
District News
കാഞ്ഞിരപ്പള്ളി: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉജ്വല വിജയമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന കാഞ്ഞിരപ്പള്ളി മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ തെറ്റുകള്‍ക്കെതിരേ അതിശക്തമായ ആക്രമണം നടത്തുമ്പോഴും എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ബദല്‍ പദ്ധതികളുമായാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ച കേസിലെ രണ്ടു പ്രതികളെ സംരക്ഷിച്ചുകൊണ്ടാണ് സിപിഎം വോട്ട് തേടുന്നതെന്നും വി.ഡി. സതീശൻ ആരോപിച്ചു. കേരളത്തില്‍ സമ്പദ്വ്യവസ്ഥ എല്‍ഡിഎഫ് സര്‍ക്കാര്‍ തകര്‍ത്തുവെന്നതാണ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉയർത്തുന്ന പ്രധാന ആരോപണം.
ആരോഗ്യ കേരളം വെന്റിലേറ്ററിലാണ്. ആശുപത്രികളില്‍ മരുന്നോ ശസ്ത്രക്രിയാ ഉപകരണങ്ങളോ ഇല്ല. കാര്‍ഷിക മേഖയിലെ പ്രശ്നങ്ങളും വന്യജീവി ആക്രമണങ്ങളുമയി ബന്ധപ്പെട്ട വിഷയങ്ങളും പരിഹരിക്കാൻ ഇടതുസർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്നും വി.ഡി. സതീശൻ പറഞ്ഞു.
യുഡിഎഫ് ജില്ലാ സെക്രട്ടറി അസീസ് ബഡായിൽ അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ ഫിൽസൺ മാത്യൂസ്, ജോസി സെബാസ്റ്റ്യൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.എ. ഷമീർ, പ്രഫ. റോണി കെ. ബേബി, തോമസ് കുന്നപ്പള്ളി, പി. ജീരാജ്, കെപിസിസി അംഗം തോമസ് കല്ലാടൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിബു ഷൗക്കത്ത്, യുഡിഎഫ് കാഞ്ഞിരപ്പള്ളി മണ്ഡലം ഭാരവാഹികളായ ജോയി മുണ്ടാമ്പള്ളി, ബിജു പത്യാല, നാസർ കോട്ടവാതിൽക്കൽ, വി.എസ്. അജ്മൽ ഖാൻ തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുൻ ദേവസ്വം പ്രസിഡന്റും മുൻ എംഎല്‍എയുമായ സിപിഎം നേതാവ് പത്മകുമാറിന്റെ അറസ്റ്റിൽ കേരളം അമ്പരന്നു നില്‍ക്കുകയാണ്.
അയ്യപ്പന്റെ സ്വര്‍ണം കൊള്ളയടിച്ച സ്വന്തം നേതാവ് ജയിലില്‍ പോകുമ്പോഴും പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാനുള്ള തൊലിക്കട്ടി ഗോവിന്ദനു മാത്രമേ കാണൂ. ജനങ്ങള്‍ സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് നല്കിയ അധികാരം ഉപയോഗിച്ചുകൊണ്ടാണ് പവിത്രവും പരിപാവനവുമായ ശബരിമല ക്ഷേത്രം കൊള്ളയടിച്ചത്.
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒാരോരുത്തരായി ജയിലിലേക്കു പോകുന്ന ഘോഷയാത്രയാണ് ഇപ്പോള്‍ കാണുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എന്‍. വാസുവിനു പിന്നാലെയാണ് പത്മകുമാറും ജയിലിലേക്കു പോകുന്നത്. മുന്‍ ദേവസ്വം മന്ത്രിയെയാണ് എസ്ഐടി ഇനി ചോദ്യം ചെയ്യേണ്ടത്. കടകംപള്ളി സുരേന്ദ്രനും കൊള്ളയില്‍ പങ്കുണ്ട്.
ഏതോ ഒരു പോറ്റിയാണു പ്രശ്നമെന്നാണ് സിപിഎം ആദ്യം പറഞ്ഞത്. ആ പോറ്റിയുടെ നേതൃത്വത്തിൽ ഇത്രയും വലിയ കൊള്ള നടന്നിട്ടും അതു മറച്ചുവയ്ക്കുകയായിരുന്നെന്ന് കോടതിവിധിയിലൂടെ വ്യക്തമായി. പോറ്റി കുടുങ്ങിയാല്‍ സിപിഎം നേതാക്കളും കുടുങ്ങുമെന്ന് മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനും അറിയാമായിരുന്നു.
ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ അയ്യപ്പന്റെ തങ്കവിഗ്രഹം വരെ കൊള്ളയടിക്കുമായിരുന്നു. സര്‍ക്കാരില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചതെന്നും വി.ഡി. സതീശൻ കൊച്ചിയിൽ മാധ്യമങ്ങളോടു പറഞ്ഞു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി തകർന്നു തരിപ്പണമാകുന്പോൾ അവരെ സഹായിക്കാൻ സിപിഎം രംഗത്തിറങ്ങിയിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സിപിഎമ്മിൽ നിന്നു രാജിവച്ച രണ്ടു പേർ ഗുരുതര ആരോപണമാണ് കടകംപള്ളി സുരേന്ദ്രനെതിരെ ഉന്നയിച്ചിരിക്കുന്നത്. കടകംപള്ളി സുരേന്ദ്രൻ എന്ന മുൻ മന്ത്രി ബിജെപി ഏജന്റാണെന്നാണ് പാർട്ടി വിട്ട മുതിർന്ന നേതാക്കൾ ആരോപിക്കുന്നത്. അതിന്റെ ഭാഗമായി പാങ്ങോട് വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായി ആർഎസ്എസ് ശാഖയിൽ പോയിരുന്ന ആളെയാണ് നിർത്തിയിരിക്കുന്നത്.
ബിജെപിയിൽ ഇപ്പോൾ രണ്ട് ആത്മഹത്യകൾ നടന്നു. ഒരാൾ ആത്മഹത്യാ ശ്രമം നടത്തി. കരിനിഴൽ വീണ ബിജെപി നേതാക്കളുടെ സാന്പത്തിക ബന്ധങ്ങളെ കുറിച്ചാണ് ആത്മഹത്യാ കുറിപ്പുകളിൽ പറയുന്നത്. ബിജെപി നേതാക്കൾ സാന്പത്തിക ഇടപാടുകൾ നടത്തിയെന്നാണ് രണ്ട് ആത്മഹത്യാ കുറിപ്പുകളിലും പറയുന്നത്.
മുതിർന്ന ബിജെപി നേതാവ് എം.എസ്. കുമാറും ഗുരുതര ആരോപണമാണ് ബിജെപി നേതൃത്വത്തിനെതിരെ ഉന്നയിച്ചിരിക്കുന്നത്. പഴയ തലമുറയിൽപ്പെട്ട നേതാക്കളാണ് ബിജെപിയുടെ പുതിയ നേതൃത്വത്തെ കുറിച്ച് ഗൗരവതരമായ ആരോപണം ഉന്നയിക്കുന്നത്.
പയ്യന്നൂരിൽ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ സിപിഎം പ്രവർത്തകർക്ക് പങ്കുണ്ട്. എസ്ഐആറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് കോണ്‍ഗ്രസിന്റെ ബിഎൽഎയെ ബിഎൽഒ കൊണ്ടു പോയതിന് സിപിഎം നേതാക്കളും പ്രവർത്തകരും ചേർന്ന് ഭീഷണിപ്പെടുത്തി. ഇതിനു പുറമെയാണ് ജോലിയുടെ സമ്മർദവും. ഇതേക്കുറിച്ച് ഗൗരവതരവും എല്ലാവരെയും ബോധ്യപ്പെടുത്തുന്നതുമായ അന്വേഷണം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം.
ബിജെപിയും സിപിഎമ്മും എസ്ഐആർ ദുരുപയോഗം ചെയ്യാനും ശ്രമിക്കുന്നുണ്ട്. യുഡിഎഫ് അനുകൂല വോട്ടുകൾ ചേർക്കപ്പെടാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നു സതീശൻ ആരോപിച്ചു.
Kerala
കൊല്ലം: പിഎം ശ്രീ പദ്ധതിയിൽ വിമർശനം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നാണംകെട്ട് എങ്ങനെ ബിനോയ് വിശ്വം മുന്നണിയിൽ ഇരിക്കുന്നതെന്ന് സതീശൻ ചോദിച്ചു.
പിഎം ശ്രീയിൽ ഒപ്പിടാൻ എന്ത് ബ്ലാക്ക് മെയ്ലിങ്ങാണ് അമിത് ഷാ നടത്തിയതെന്ന് മുഖ്യമന്ത്രി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു. നാണംകെട്ട് ഇങ്ങനെ ഇരിക്കണോ അതിന്റെ അകത്ത്. എന്തൊരു നാണക്കേടാണ്.
രാജൻ വീറോടെ വാദിക്കുമ്പോൾ മുഖ്യമന്ത്രി മിണ്ടാതിരിക്കുകയാണ്. 16-ാം തിയതി കരാറിൽ ഒപ്പിട്ട് 22-ാം തിയതിയിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ മിണ്ടിയില്ല. എന്ത് ബ്ലാക്ക് മെയ്ലിങ്ങാണ് അമിത് ഷാ നടത്തിയത്. ഇത് ചെയ്തില്ലെങ്കിൽ എന്ത് ചെയ്യുമെന്നാണ് പറഞ്ഞതെന്നും സതീശൻ ചോദിച്ചു.
ആരോടും പറയാതെയാണ് പിഎം ശ്രീയില്‍ ഒപ്പിട്ടത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തന്നെ പിഎം ശ്രീയില്‍ ഒപ്പിടാന്‍ കേരളം സന്നദ്ധത അറിയിച്ചെന്നാണ് കേന്ദ്ര വിദ്യാഭാസ സെക്രട്ടറി പറഞ്ഞത്. 2024 ഫെബ്രുവരി എട്ടിനാണ് കേന്ദ്ര സര്‍ക്കാരിനെതിരെ കേരളം ഡല്‍ഹിയില്‍ സമരം ചെയ്തത്.
കേന്ദ്ര അവഗണക്ക് എതിരെയുള്ള സമരത്തില്‍ മറ്റ് ചില മുഖ്യമന്ത്രിമാരും പങ്കെടുത്തു. ഫെബ്രുവരി എട്ടിന് സമരം നടത്തിയിട്ട് എല്ലാവരേയും കബളിപ്പിച്ച് മാര്‍ച്ചില്‍ പിഎം ശ്രീയില്‍ ഒപ്പിടാന്‍ സന്നദ്ധത അറിയിച്ചുവെന്നും സതീശൻ വിമർശിച്ചു.
Kerala
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മകനു സമൻസ് അയച്ചത് എന്തിനാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സമൻസ് അയച്ച ശേഷം എന്തുകൊണ്ടാണ് തുടർനടപടികൾ സ്വീകരിക്കാതിരുന്നതെന്നും കേസുമായി മുന്നോട്ട് പോകാതിരുന്നതെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമൻസ് അയച്ച വിവരം ഇഡിയും മുഖ്യമന്ത്രിയും സിപിഎമ്മും രണ്ടു വർഷത്തോളം മറച്ചുവച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. സമൻസ് അയച്ചതിനു ശേഷം ഒരു നടപടിയും സ്വീകരിച്ചതായും അറിയില്ല. എന്തുകൊണ്ടാണ് ഒരു സമൻസിൽ നടപടി അവസാനിപ്പിച്ചത്. സിപിഎം ബിജെപി ബാന്ധവത്തിന്റെ ഉദാഹരണമാണോ ഇതെന്നു സതീശൻ ചോദിച്ചു.
ഈ സംഭവത്തിനു ശേഷമാണ് എഡിജിപിയായിരുന്ന അജിത് കുമാർ ആർഎസ്എസ് നേതാവിനെ കാണാൻ പോയതും തൃശൂർ പൂരം കലക്കിയെന്ന ആരോപണം ഉയർന്നതും ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഎം ബിജെപിയെ സഹായിച്ചെന്നുള്ള ആരോപണം വന്നതും.
എല്ലാം സെറ്റിൽമെന്റായിരുന്നു എന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ഈ സംഭവങ്ങളെല്ലാം. യഥാർഥ വസ്തുത പുറത്തുവരേണ്ടതുണ്ടെന്നും സതീശൻ പറഞ്ഞു.